ദൈവീക ആരാധന അല്ലെങ്കിൽ പ്രാർത്ഥന എങ്ങിനെ ചെയ്യണം : ഡോ.എം.ഡി.രവിമാസ്റ്റർ

ആരാധന പ്രപഞ്ച സൃഷ്ടവായ ദൈവത്തിനു മാത്രമുള്ളതാണ്. പല മതങ്ങളും സൃഷ്ടാവായ ദൈവത്തെ പല നാമങ്ങളിൽ വിളിക്കുന്നുവെന്നേയുള്ളൂ. ബ്രഹ്മമെന്നും അല്ലാഹുവെന്നും  യഹോവയെന്നും ഒക്കെ പ്രതിപാദിക്കുന്നത് സൃഷ്ടാവായ ദൈവത്തെയാണ്. യഥാർത്ഥത്തിൽ നാമ രൂപങ്ങളില്ല. പ്രപഞ്ചമാകെ നിറഞ്ഞു നിൽക്കുന്ന ചൈതന്യമാണ്. ആ ചൈതന്യത്തിലൂടെയാണ് ഇവിടെ എല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് സൃഷ്ടാവ് ഏകമാണെന്നു ഉപനിഷതടക്കമുള്ള സർവ്വ മത ഗ്രന്ഥങ്ങളും അടിവരയിട്ടു പറയുന്നത്. പ്രാർത്ഥന എന്നത് എനിക്ക് സൃഷ്ടി തന്ന ദൈവത്തെ സ്മരിച്ചു കൊണ്ടുള്ള നന്ദിഅറിയിക്കലാണ്. ദിവസവും നമ്മിൽ നിന്നും അറിഞ്ഞോ അറിയാതെയോ വന്നുപോയ തെറ്റുകൾ ഏറ്റുപറഞ്ഞുകൊണ്ടു തുടങ്ങണം. വലിയതെറ്റുകളാണെങ്കിൽ പ്രായശ്ചിത്തം ചെയ്യാമെന്നും ഇനി ചെയ്യില്ലെന്നും ഏറ്റുപറയണം. പിന്നെ ഇത്രയും കാലം എന്നെ ഈ ലോകത്തിൽ നിലനിർത്തിയതിനു നന്ദി പറയണം. ഓരോ നിമിഷവും എനിക്ക് ജീവിക്കുവാനുള്ള സാഹചര്യം നിലനിർത്തുന്നതിന്, ജീവ വായു, ജീവ ജലം തരുന്നതിനു , കുടുംബ സമാധാനം തരുന്നതിനു ദൈവത്തോട് നന്ദി പറയാം. അതോടൊപ്പം ഈ ലോകത്തേയും പ്രപഞ്ചത്തേയും സർവ്വ ചരാചരങ്ങളേയും നില നിർത്തുന്നതിനു, അങ്ങിനെ പലതിനും നന്ദി പറയലാണ് പ്രാർത്ഥന. മറ്റൊരു രീതിയിലും പറയാം. “എന്റെ അസൂയയും സ്വാർത്ഥതയും അത്യാഗ്രഹങ്ങളും ഇല്ലാതാക്കേണമേ. ബൗതീകതയിൽ മുങ്ങികുളിച്ചു എന്റെ ജീവിതം കൂമ്പടയരുതേ . നന്മകളാൽ സമ്പന്നമാവേണമെ എന്റെ ജന്മം. കുടുംബത്തോടും സമൂഹത്തോടും ദൈവത്തോടുമുള്ള ധാർമികമായകടമകളും കർത്തവ്യങ്ങളും നിറവേറ്റാൻ എനിക്ക് സാധിക്കേണമേ.ഈ ജന്മം ധന്യമാക്കേണമേ”. ഇന്ന് പലരും പ്രാർത്ഥന സ്വാർത്ഥമായ നേട്ടങ്ങൾക്കുവേണ്ടിയും മറ്റും ഒരു വലിയ ലിസ്റ്റുമായാണ് പ്രാർത്ഥിക്കുന്നത്. ഇത് എത്തേണ്ടിടത്തെത്തില്ല അതിനു പരിഹാരവുമുണ്ടാകില്ല.
ദൈവം മനുഷ്യരുടെ കൂട്ടായ്മ ആഗ്രഹിക്കുന്നു , അതുപോലെ സന്തോഷം പകർന്നുനൽകാൻ നമുക്ക് സാധിക്കണം. അതുകൊണ്ടാണ് പല മതങ്ങളും സമൂഹ പ്രാർത്ഥനയ്ക്ക് പ്രാധാന്യം നൽകുന്നത്. മനുഷ്യനെ ദൈവം പ്രതിരൂപമായാണ് സൃഷ്ടിച്ചിട്ടുള്ളത്. അതിലും വലിയ ഒരു സൃഷ്ടിയുമില്ല. പക്ഷെ മനുഷ്യൻ സ്വാര്ഥതയിലമർന്നു തെറ്റുകളിലകപ്പെട്ടു പാപികളായി മാറിയിട്ടുണ്ട്. സഹജീവികളായ മനുഷ്യരെ സഹായിക്കുകയാണ് ദൈവത്തിനു ഏറ്റവും പ്രീതികരമായ പൂജയെന്നു പറയുന്നത്. തന്റെ മുന്നിൽ വിശപ്പടക്കാൻ സാധിക്കാത്തവന് ഒരുനേരത്തെ ആഹാരം കൊടുക്കാതെ ദേവാലയത്തിൽ പണമിട്ടതുകൊണ്ടു യാതൊരു പ്രയോജനവുമില്ല. അതുപോലെ തന്നെ നമ്മെ സംരക്ഷിക്കാൻ നമുക്ക് ശക്തിയിവിടെത്തന്നെ തന്നിട്ടുണ്ട്. ദൈവത്തിന്റെ അംശ ശക്തിയായ ആത്മാവ് ഓരോ മനുഷ്യ ശരീരത്തിലും കുടികൊള്ളുന്നുണ്ട്.
മേൽപ്പറഞ്ഞ കാര്യങ്ങളിലൂടെ ജീവാത്മാവിനെ ശുദ്ധീകരിച്ചു പ്രാർത്ഥിക്കുന്നയാൾക്കു എല്ലാ പൈശാചിക ശക്തികളിൽ നിന്നും സംരക്ഷണം നേടാൻ സാധിക്കും. ദൈവത്തെ പരമാത്മാവെന്നും വിളിക്കാം. ജീവത്മാവിന്റെ പരമാത്മാവിലേക്കുള്ള പ്രയാണമാണ് മനുഷ്യജീവിതം.  ദൈവകോപമുണ്ടാവുന്നതു സർവ്വതിനേയും സൃഷ്‌ടിച്ച ദൈവത്തെ മറന്നു കൊണ്ട് ദൈവം സൃഷ്ട്ടിച്ച മറ്റുവല്ലതിനേയും ആരാധിക്കുന്നതാണ്. അത് സ്വയം ആലോചിച്ചാൽ മനസ്സിലാവുന്നതേയുള്ളൂ.
ബ്രഹ്മധർമമാലയം
http://www.brahmadharmalayam.org

Leave a Reply